Sudhish P.K
പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്തുള്ള മണക്കാല സ്വദേശിയായ ശ്രീ. സുധീഷ് കെ., സാങ്കേതികവിദ്യയിലും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലുമായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ്. കേരള സർക്കാർ ജൂനിയർ ടെക്നിക്കൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം മെക്കാനിക്കൽ എൻജിനീയറിങ്ങിന്റെ അടിസ്ഥാന പഠനം നടത്തി. തുടർന്ന് പന്തളം പോളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിലും ഇലക്ട്രിക്കൽ ആൻഡ് റഫ്രിജറേഷനിലും ഡിപ്ലോമ നേടി.
1979-ൽ ബെംഗളൂരുവിലെത്തിയ അദ്ദേഹം ആന്ധ്രാപ്രദേശ് സർക്കാർ സ്ഥാപനമായ ഹൈദരാബാദ് ആൽവിൻ ലിമിറ്റഡിൽ സർവീസ് എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് മൻജോഗ് കൺസ്യൂമർ ഡ്യൂറബിൾസിൽ സർവീസ് എൻജിനീയറായി പ്രവർത്തിച്ചു. 1992-ൽ സുഹാസ് റഫ്രിജറേഷൻസ് എന്ന സ്ഥാപനം ആരംഭിച്ച് സംരംഭക രംഗത്തേക്ക് കടന്നു. വോൾട്ടാസ്, എൽ.ജി., ഗോദ്‌റെജ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ സെയിൽസ് ആൻഡ് സർവീസ് മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ ബെംഗളൂരുവിലെ അറിയപ്പെടുന്ന വ്യവസായിയായി വളർന്നു.
സാമൂഹിക-സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായ അദ്ദേഹം കലാവേദി, ശ്രീനാരായണ സമിതി, ദൂരവാണിനഗർ കേരള സമാജം, വിജിനപുര അയ്യപ്പ ക്ഷേത്രം തുടങ്ങിയ സംഘടനകളുടെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2006 മുതൽ ബെംഗളൂരു മലയാളികളുടെ അഭിമാന സ്ഥാപനമായ കൈരളി നിലയം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നേതൃത്വനിരയിൽ പ്രവർത്തിച്ചുവരുന്ന അദ്ദേഹം, നിലവിൽ അതിന്റെ ജനറൽ സെക്രട്ടറിയാണ്.