SREEDHARANTM

Sreedharan T.M

1942ൽ  ഗുരുവായൂരിനടുത്ത് വകക്കേക്കാട്‌   പഞ്ചായത്തിലെ തൊഴിയൂർ എന്ന ഗ്രാമത്തിലാണ്  ജനിച്ചത്. ഹിന്ദു–മുസ്ലിം–ക്രിസ്ത്യൻ സമൂഹങ്ങൾ തമ്മിൽ സൗഹൃദവും ഐക്യവും നിറഞ്ഞു നിന്നിരുന്ന ആ മനോഹരഗ്രാമം, അദ്ദേഹത്തിന്റെ ബാല്യകാലത്തിന്‍റെ മധുര സ്മരണകളെ ഇന്നും നിലനിർത്തുന്നു. തൊഴിയൂർ സെന്റ് ജോർജ് പള്ളിയുടെ കീഴിലുള്ള സി.എം. യു.പി. സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിന്നാണ് ഇ.എസ്.എൽ.സി. പൊതു പരീക്ഷ പാസ്സായി, തുടർന്ന് സെന്റ് ജോർജ് ഹൈ സ്കൂളിൽ ഫോർത് ഫോമിൽ ചേർന്ന് ട് 1959-ൽ സിക്സ്ത് (ഇന്നത്തെ SSLC) പാസ്സായെങ്കിലും കോളേജ് വിദ്യാഭ്യാസം തുടരാൻ സാധിച്ചില്ല.

വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം കുന്നംകുളം ഗുഡ് ഷെപ്പേർഡ് പോളിടെക്‌നിക്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ട്രെയിനിങ്  നേടി. കേരളത്തിൽ തൊഴിൽ അവസരങ്ങൾ പരിമിതമായതിനാൽ 1963-ൽ ബാംഗ്ലൂരിലേക്കു യാത്ര തിരിച്ചു. ഇവിടെ എത്തിച്ചേരുന്നതോടെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തു. HAL ലും, ഗാരിസൺ എജ്ജിനിയേഴ്സിലുമുള്ള അവസരങ്ങൾ ഒരുപോലെ ലഭിച്ചപ്പോൾ നാട്ടുകാരന്റെ  നിർദേശപ്രകാരം HAL-ൽ ചേർന്നു. ചൈനയുമായുണ്ടായ യുദ്ധാനന്തര സാഹചര്യത്തിൽ HAL-ൽ തൊഴിൽ അവസരങ്ങൾ വർദ്ധിച്ചിരുന്നു. എൻജിൻ ഡിവിഷനിൽ നിയമിതനായ അദ്ദേഹം ബയ്യപ്പനഹള്ളിയിൽ താമസമാക്കി.

1965-ൽ രൂപം കൊണ്ട ബയ്യപ്പനഹള്ളി കേരള സമാജവുമായി അദ്ദേഹം ചേർന്നു പ്രവർത്തിച്ചു. 1969 മുതൽ 1976 വരെ ബയ്യപ്പനഹള്ളി കേരള സമാജം സെക്രട്ടറിയായും പ്രവർത്തിച്ചു. അതോടൊപ്പം സെൻട്രൽ കൾച്ചറൽ അസോസിയേഷൻ (CCA) പ്രവർത്തകനായും കല–സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പങ്ക് വഹിച്ചു. 1975-ൽ ആചാര്യ പാഠശാലയിൽ നിന്ന്  മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടി.

1976 മുതൽ ബാംഗ്ലൂർ കേരള സമാജത്തിന്റെ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായ അദ്ദേഹം, 1982-ൽ കൈരളി നികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റിൽ ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. 1981-ലെ ഓണാഘോഷത്തെത്തുടർന്ന് ഉണ്ടായ ഭിന്നാഭിപ്രായങ്ങൾ മൂലം ബാംഗ്ലൂർ കേരളസമാജം രണ്ടായി പിളർന്നെങ്കിലും, 1994-ഓടെ എല്ലാ കേസുകളും അവസാനിപ്പിച്ച് സംഘടനയെ വീണ്ടും ഐക്യത്തിലേക്ക് കൊണ്ടുവരാൻ നിർണായക പങ്ക് വഹിച്ചു. മറു ചേരിയുടെ സെക്രട്ടറിയായിരുന്ന എസ്.കെ. നായരുടെ സഹകരണം കേസ്സുകൾ അവസാനിപ്പിച്ച് സംഘടനയെ മുന്നോട്ടു കൊണ്ടുപോയി.

1995-ൽ സമാജം സെക്രട്ടറിയുടെ സ്ഥാനമൊഴിഞ്ഞെങ്കിലും, കെ.എൻ.ഇ. ട്രസ്റ്റിൽ ട്രസ്റ്റി, ട്രഷറർ, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2000 മുതൽ 2018 വരെ ശ്രീനാരായണ സമിതിയിൽ ആശാൻ പഠന കേന്ദ്രത്തിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു. ദിവംഗതനായ  കൊമ്പൻ ആന്റണിയുടെ പ്രചോദനവും പിന്തുണയും ഇതിനുപിറകിലുണ്ടായിരുന്നു. തുടർന്ന് 2020 മുതൽ മൂന്നു വർഷം ജ്വാല കൾച്ചറൽ സെന്ററിന്റെ പ്രസിഡന്റായും സംഘടനയെ നയിച്ചു.

ഇപ്പോൾ ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ് ഫോറത്തിന്റെയും ശാസ്ത്ര സാഹിത്യ വേദിയുടെയും കമ്മറ്റി അംഗമായും പ്രവർത്തിക്കുന്നു. വിവിധ സാഹിത്യ–സംസ്കാരിക പ്രവർത്തനങ്ങളിലും സംഘടനകളിലുമായി സജീവ സാന്നിധ്യമായ ടി എം ശ്രീധരൻ, “ജീവിതം സഫലമായി” എന്ന വിശ്വാസത്തോടെ സമൂഹത്തിനായി അർപ്പണബോധത്തോടെ ജീവിക്കുന്നു. 

ഭാര്യ കെ പി. പത്മാവതി, മക്കൾ ശ്രീജിത്ത്. ടി. എസ്, ശ്രേയസ്സ്. ടി.എസ്.  ബാംഗ്ലൂരിൽ ബി.ടി.എം ലേയൗട്ടിൽ സ്ഥിര താമസം.