Dr. Soman Kadalur
1970-ൽ കോഴിക്കോട് ജില്ലയിലെ കടലൂരിൽ ജനിച്ച ഡോ. സോമൻ കടലൂർ ശ്രദ്ധേയനായ മലയാള സാഹിത്യകാരനും, കവി, ഗവേഷകനും, അധ്യാപകനുമനു. മലയാള സാഹിത്യത്തിലും ഫോക്‌ലോറിലും ബിരുദാനന്തര ബിരുദവും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും നേടിയ അദ്ദേഹം, കാലിക്കറ്റ് സർവകലാശാലയിൽ ഫോക്‌ലോറിൽ ഒന്നാം റാങ്കും കരസ്ഥമാക്കി. വടകര പുതുപ്പണം ജെ.എൻ.എം. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്നു.
കവിത, നോവൽ, ലേഖനം, നാടൻപഠനം, പരിസ്ഥിതി ചരിത്രം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലായി മുപ്പതിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മോർഫിയസ്, പുള്ളിയൻ, കണിമീൻ, കടലോർമകൾ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ കൃതികളാണ്. കേരളത്തിന്റെ തീരദേശ ജീവിതവും നാടോടി പാരമ്പര്യവും ആഴത്തിൽ ആവിഷ്‌കരിക്കുന്ന രചനകൾ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഫോക്‌ലോറും സാഹിത്യവും എന്ന കൃതിക്ക് 2015-ലെ കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം ലഭിച്ചു. മനസിൽ പാർക്കുന്ന മനുഷ്യർ, ആരുമല്ലല്ലോ നമ്മൾ ആരുമല്ലല്ലോ എന്നിവയാണ് അദ്ദേഹത്തിന്റെ പുതിയ പ്രസിദ്ധീകരണങ്ങളിൽ ശ്രദ്ധേയമായവ.