നിള
എഴുത്തുകൂട്ടം - ദി കമ്യൂൺ ഓഫ് ലെറ്റേഴ്സ് - അന്താരാഷ്ട്രതലത്തിൽ നടത്തിയ കവിതാമൽസരത്തിൽ തിരഞ്ഞെടുക്കപ്പെട്ട് പത്ത് കവിതകളിലൊന്നാണ് ശ്രീമതി രമ പ്രസന്ന പിഷാരടി എഴുതിയ കവിത ‘നിള’
കത്തി നിൽക്കുന്നൂ സൂര്യൻ
നിൻ്റെ നെറ്റിയിൽ നിളേ!
ഇത്രയും നാളായിട്ടും
നിനക്ക് മൗനം തന്നെ.
രക്തദാഹത്തിൻ മണ-
ലൂറ്റിയ നിന്നാഴത്തി-
ലിത്തിരിനേരം സന്ധ്യ
മുങ്ങിനീർന്നോടിപ്പോകെ
നിൻ്റെ വന്ധ്യനാഢികൾ
പിടഞ്ഞും നീർച്ചാലിൻ്റെ
അന്ത്യസംഗമത്തിൻ്റെ
പതിഞ്ഞ കൈയൊപ്പിട്ടും
പടിഞ്ഞാറൊരു കട-
ലലയിൽ ലയിക്കുവാൻ
പതിയെ പതിയെ നീ-
യൊഴുകി നീങ്ങീടവെ;
നീയെൻ്റെ നിള നിൻ്റെ
ഗർഭപാത്രത്തിൽ തുള-
ഞ്ഞേറിയ ത്രിശൂലത്തിൻ
മുന ഞാൻ കണ്ടേ നിൽപ്പൂ
നിനക്ക് പ്രണയിക്കാൻ
അറബിക്കടലിൻ്റെ
സ്വരഗന്ധർവ്വർ കൊട്ടി-
പ്പാടുന്നുവെന്നാകിലും
പിടഞ്ഞു തേങ്ങും നിൻ്റെ
തിരുനാഭിയെ തല്ലി-
ത്തകർത്ത് പായും അമ്പിൻ
വിഷപ്പല്ലുകൾക്കുള്ളിൽ
പൊടിഞ്ഞു നീറും രക്ത-
കണത്തിൻ ചുവപ്പുള്ള
മരണം ധ്യാനിക്കുന്നു
നിൻ കവിൾത്തടങ്ങളിൽ.
മിഴികൾ ചൂഴ്ന്നോരാർത്തി
പെരുത്ത തീക്കാറ്റുകൾ
അലറിക്കുതിച്ചെത്തി-
നിൽക്കുമീ തീരങ്ങളിൽ
കരയാനാവാതെ നീ നിൽക്കുന്ന
പൊള്ളിപ്പടർന്നടർന്ന മണൽ
പാളത്തീവണ്ടി മുറികളിൽ
അഴികൾ വിലങ്ങിട്ട് മുറിഞ്ഞ
കാൽപ്പാദത്തിൽ ചിലമ്പൂർന്നതിൻ
മണി ചിതറിത്തെറിക്കവെ!
കത്തി നിൽക്കുന്നൂ സൂര്യൻ
നിൻ്റെ നെറ്റിയിൽ എൻ്റെ
ഇത്തിരി ഭൂമിക്കുള്ളിൽ
തൂക്കിലാടുന്നു ജീവൻ
എത്ര നാളിതേ പോലെ
രണ്ടു കൈയാലും ഞങ്ങൾ
കത്തുന്ന മെഴുതിരി
പ്രാർഥനയ്ക്കുള്ളിൽ ചേർത്തു
പാതിരാചൂട്ടിൽ നിന്ന്
കനൽപ്പൊട്ടടർത്തിയാ
ഗ്രാമത്തിൻ ചെങ്കൽപ്പാത
താണ്ടുന്ന നിലാവിലായ്
രാവിൻ്റെ മുടിയഴി
ച്ചാടുന്ന പനമ്പാല
തീനിഴൽ കുത്തി
പ്പറന്നേറുന്ന മലയെക്ഷി
നഗരം നിൻ നെഞ്ചിലേയ്ക്കിത്തിരി
അമ്ലത്തിൻ്റെ രസലായനി
കോരിയൊഴിച്ചു പോയീടവെ
നീ പിടയുമ്പോൾ നിൻ്റെ
കണ്ണിലായിരുട്ടിൻ്റെ
കൂരിരുൾമഷി വീണു
വെളിച്ചം മങ്ങീടവെ
പ്രണയം അതെ പോലെ
തിമിരം മൂടിപ്പിടഞ്ഞിടയ്ക്ക്
തീയിൽ കത്തിയുരുകിപ്പോകാറുണ്ട്
കയറിൻ പിടച്ചിലിൽ
നാട്ടുമാവുകൾ ബാല്യ
കഥയെ ചുടുകാട്ടിൽ
ഭസ്മമാക്കീടുന്നുണ്ട്
പകയെ കുടിക്കുന്ന സർപ്പങ്ങൾ
ഫണങ്ങളിൽ കരിനീലത്തിൻ
കടും വിഷത്തെ നിറയ്ക്കവെ
പിറകോട്ടോടിപ്പോയ
കാലത്തിലെന്നോ കണ്ട
കദംബം പോലും പൂവ്
തരുവാൻ മടിക്കുന്നു.
പശ്ചിമഘട്ടത്തിനെ
ചൂഴ്ന്നെടുത്താവാഹിച്ച
പട്ടിലായെന്നേ മൗന-
മിരിക്കും അസ്ഥിക്കുള്ളിൽ
കാട്ടുചെമ്പകങ്ങളിൽ
തേൻ കൂടും കെട്ടിപ്പാർത്ത
പൂക്കളെ പ്രാപിക്കുന്ന
ചിറകിൻ മിന്നായങ്ങൾ
തർപ്പണം ചെയ്യാനായി
വരുന്നുണ്ടൊരു കൃഷ്ണ-
പക്ഷരാത്രിയും മാഞ്ഞ
സ്വപ്നവും, നിരാശയും
നീ പറയുക സൂര്യ
കണ്ട് നീ നിൽക്കും നിള
പേ പിടിച്ചോടിപ്പോയ
പ്രളയം കുടിച്ചുവോ?
നീ പറയുക സൂര്യ
കണ്ടു നീ നിൽക്കും നിള
പാടുകയാണോ, കണ്ണീർ
വാർക്കുകയാണോ ചൊല്ലൂ
നിളേ, നീ മൗനത്തിലാണെങ്കിലും
നീയോടുന്ന വഴികൾ
പറയുന്നതൊക്കെയും
കേൾക്കുന്നു ഞാൻ
ചുറ്റിലും കാണുന്നത് കേട്ടു-
കൊണ്ടിരിക്കുന്നതത്രയും
നിരാസത്തിൻ ഹൃദയച്ചുഴി
അതിൽ നിത്യവും നീന്തി-
ക്കുഴഞ്ഞാഴത്തിൽ നിന്നും
പൊന്തുമിത്തിരി നിശ്വാസം ഞാൻ
നീയുമിന്നതേ പോലെ…
