PK Gopi
മലയാള കവിയും ഗാനരചയിതാവും ഫിസിയോതെറാപ്പിസ്റ്റുമായ പി. കെ. ഗോപി 1949 ജൂൺ 8-ന് പത്തനംതിട്ട ജില്ലയിലെ കൊടുമൺ–അങ്ങാടിക്കൽ ഗ്രാമത്തിൽ ജനിച്ചു. പി. കെ. കുഞ്ഞുപിള്ളയും കല്യാണിയുമാണ് മാതാപിതാക്കൾ. അങ്ങാടിക്കൽ എസ്. എൻ. വി. ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിലും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലും പഠനം നടത്തി.
സർക്കാർ സർവീസിൽ ഫിസിയോതെറാപ്പിസ്റ്റായി സേവനമനുഷ്ഠിച്ച അദ്ദേഹം മികച്ച സർക്കാർ ജീവനക്കാരനുള്ള ജെസീസ് പുരസ്കാരം നേടിയിട്ടുണ്ട്. കവിത, ഓർമ്മക്കുറിപ്പുകൾ, ബാലസാഹിത്യം എന്നീ മേഖലകളിലായി 27-ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി ചലച്ചിത്രങ്ങൾക്കായി ഗാനങ്ങളും രചിച്ചു. അദ്ദേഹത്തിന്റെ ഗാനങ്ങൾ പ്രൊഫഷണൽ നാടകങ്ങൾ, സീരിയലുകൾ, ഡോക്യുമെന്ററികൾ, വിവിധ വേദി അവതരണങ്ങൾ എന്നിവയിലും ഇടം നേടി.
മലയാള സാഹിത്യരംഗത്തെ സജീവ സാന്നിധ്യമായ പി. കെ. ഗോപി യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകൾ ഇംഗ്ലീഷിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
2018-ൽ ‘ഓലച്ചൂട്ടിന്റെ വെളിച്ചം’ എന്ന കൃതിക്ക് ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2024-ൽ മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
കവിതയിലും ഗാനരചനയിലും ബാലസാഹിത്യത്തിലും ഓർമ്മക്കുറിപ്പുകളിലും വ്യക്തിമുദ്ര പതിപ്പിച്ച പി. കെ. ഗോപി, മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ ബഹുമുഖ പ്രതിഭയാണ്.
പ്രശസ്ത കവി ശ്രീ പി കെ ഗോപി സുരഭിലം ഗ്ലോബൽ സാഹിത്യ കൂട്ടായ്മയ്ക്കായി സസ്നേഹം അയച്ചുതന്ന അതീവ സുന്ദരവും അർത്ഥസമ്പുഷ്ടവുമായ ഒരു കവിതയാണ് സർഗ്ഗ സംഗമത്തിൽ സ്വാഗതഗാനമാക്കിയിരിക്കുന്നതു. രചനാമികവും കാവ്യ സൗന്ദര്യവും നിറഞ്ഞുതുളുമ്പുന്ന ഈ ഗാനം അദ്ദേഹത്തിന്റെ അതിമനോഹരമായ കയ്യക്ഷരത്തിൽ തന്നെ, അതിന്റെ തനിമ നിലനിർത്തിക്കൊണ്ട് പ്രാധാന്യത്തോടെ സുരഭിലം-2 സാഹിത്യ സമാഹാരത്തിൽ പ്രസിദ്ധീകരിച്ചു.