DAMODHARANK

Damodharan K

കണ്ണൂർ ജില്ലയിലെ ചെറുകുന്ന് സ്വദേശിയായ ശ്രീ. കെ. ദാമോദരൻ 1971- ൽ ബംഗളൂരിലെത്തി ടെലികോം വകുപ്പിൽ സേവനമാരംഭിച്ചു. തുടർന്ന് ബംഗളൂരിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം 2011-ൽ ബി.എസ്.എൻ.എൽ.- ൽ അഡീഷണൽ ജനറൽ മാനേജരായി വിരമിച്ചു. 1994-ൽ ബി.എസ്.എൻ.എൽ.-ന്റെ മികച്ച ജൂനിയർ ടെലികോം ഓഫീസറായി കർണാടകയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും സഞ്ചാർശ്രീ പുരസ്കാരം ലഭിക്കുകയും ചെയ്തു. 2012–13 കാലഘട്ടത്തിൽ ബംഗളൂർ കേരള സമാജത്തിലൂടെയാണ് അദ്ദേഹം മലയാളം മിഷന്റെ ഭാഷാപ്രവർത്തനങ്ങളുമായി സജീവമായി ബന്ധപ്പെട്ടത്. നിലവിൽ മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്നു. ബംഗളൂരിലെ വിവിധ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ മലയാളഭാഷയുടെ പ്രചാരണത്തിനും പരിപോഷണത്തിനുമായി അദ്ദേഹം ആത്മാർഥമായി പ്രവർത്തിച്ചുവരുന്നു. മലയാളഭാഷയ്ക്കും ഭാഷാപ്രവർത്തനത്തിനുമുള്ള സമർപ്പിത സേവനങ്ങളെ മാനിച്ച് 2023-ൽ കേരള സർക്കാർ മലയാളം മിഷന്റെ ഭാഷാ പുരസ്കാരവും പ്രശസ്തിഫലകവും ₹25,000-ത്തിന്റെ സമ്മാനത്തുകയും നൽകി അദ്ദേഹത്തെ ആദരിച്ചു. കവിതകളെ ജീവനെപ്പോലെ സ്നേഹിക്കുന്ന ശ്രീ. ദാമോദരന് നാടൻപാട്ട് ഒരു പ്രത്യേക ഹരമാണ്. ലഭിക്കുന്ന വേദികളിലെല്ലാം അദ്ദേഹം നാടൻപാട്ടുകൾ അവതരിപ്പിക്കാറുണ്ട്. ബംഗളൂരിലെ വിമാനപുരയിലാണ് താമസം. ഭാര്യ ശോഭ. മൂന്ന് മക്കളും ബംഗളൂരിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു. തൊഴിൽജീവിതത്തിലെ മികവും ഭാഷാസേവനത്തിലെ അർപ്പണബോധവും സമന്വയിപ്പിച്ച ശ്രീ. കെ. ദാമോദരൻ, മലയാളഭാഷയെ ജീവിതശൈലിയാക്കി മാറ്റിയ മാതൃകാപരമായ ഒരു ഭാഷാസ്നേഹിയാണ്.