PRAKASH BARE

Prakash Bare

ബെംഗളൂർകാരനായ പ്രകാശ് ബാരെ സിനിമ, നാടകസംവിധാനം, സാമൂഹ്യപ്രവർത്തനം, സാങ്കേതികവിദ്യ എന്നീ മേഖലകളിലായി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ്. ഒരു പതിറ്റാണ്ടിലേറെയായി സിനിമയിലും നാടകത്തിലും സജീവമായ പ്രകാശ് ബാരെ, ഏകദേശം പത്ത് സിനിമകൾ നിർമ്മിക്കുകയും നാല്പതിലേറെ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സൂഫി പറഞ്ഞ കഥ, ഇവൻ മേഘാരൂപൻ, ഒരാൾപ്പൊക്കം, പെയിന്റിങ് ലൈഫ്, പാപ്പ ബൂകാ, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ പ്രത്യേക ശ്രദ്ധ നേടി. സമൂഹബോധമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സിനിമാനിർമാണസ്ഥാപനമായ സിലിക്കൺ മീഡിയ മുൻപന്തിയിലാണ്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ബെർലിൻ, മോൺട്രിയൽ, ലണ്ടൻ, അൽമാത്തി, ഡർബൻ, മുംബൈ, ഒപ്പോർട്ടോ, ഹാനോയ് തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും, 15-ലധികം കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. പ്രകാശ് അഭിനേതാവും സഹനിർമ്മാതാവുമായ പാപ്പ ബൂകാ എന്ന ഇന്ത്യ–പാപുവ ന്യൂഗിനി സംയുക്ത നിർമ്മിതി, 2026-ലെ അക്കാദമി അവാർഡിനായി (ഓസ്കാർ) പാപുവ ന്യൂഗിനിയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. നാടക രംഗത്തും പ്രകാശ് അതുപോലെ തന്നെ ആവേശപൂർവം പ്രവർത്തിക്കുന്നു. ബ്ലൂഓഷ്യൻ തിയേറ്റേഴ്സ് മുഖേന അദ്ദേഹം അവതരിപ്പിച്ച ഗോദോയെ കാത്ത് (വെയിറ്റിങ് ഫോർ ഗോദോയുടെ മലയാളം), 4പ്ലേ (ചെഖോവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്), ദ കാബിനറ്റ് ഓഫ് ഡോ.കാലിഗാരി തുടങ്ങിയ നാടകങ്ങൾ ശ്രദ്ധേയമായി. ദ കാബിനറ്റ് ഓഫ് ഡോ. കലിഗാരി ചൈനയിലെ വുഴാൻ അന്താരാഷ്ട്ര നാടകമേളയിലേക്ക് ക്ഷണിക്കപ്പെട്ടത് അദ്ദേഹത്തിന്റെ നാടകജീവിതത്തിലെ വലിയ അംഗീകാരമായിരുന്നു. സാമൂഹിക പ്രതിബദ്ധതയും കലയും ഒത്തുചേരുന്നതാണ് പ്രകാശിന്റെ ജീവിതം. പ്രകാശ് പ്രസിഡന്റായ സേർവ് കളക്ടീവ്‌സ് എന്ന സംഘടന, കാസർകോട് ജില്ലയിലെഎൻഡോസൾഫാൻ ദുരന്തത്തിൽപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിൽ നേതൃത്വം വഹിച്ചു. നിയമപോരാട്ടവും ജനകീയ പ്രസ്ഥാനങ്ങളും ഏകോപിപ്പിച്ച പ്രവർത്തനം ആയിരുന്നത്. സാങ്കേതിക ലോകത്തും പ്രകാശ് തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. സിലിക്കൺ വാലിയിൽ അദ്ദേഹം ജിഡിഎ ടെക്നോളജീസ് എന്ന ഇലക്ട്രോണിക് ഡിസൈൻ കമ്പനിയുടെ സഹസ്ഥാപകനായിരുന്നു. പിന്നീട് അതു എൽ & ടി ഇൻഫോടെക്കും റാംബസും ഏറ്റെടുത്തു. തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം റാംബസ് ഇന്ത്യയുടെ കൺട്രി ഹെഡായും പിന്നീട് കൊച്ചിയിൽ സിനർജിയ മീഡിയ ലാബ്സ് സ്ഥാപകനുമായും പ്രവർത്തിച്ചു. ആ സ്ഥാപനം 2024-ൽ ഫ്രഞ്ച് ടെക് ഗ്രൂപ്പായ ആസ്റ്റെക്ക് ഏറ്റെടുത്തു. ഇപ്പോൾ അദ്ദേഹം സെമികണ്ടക്ടർ, സോഫ്റ്റ്വെയർ, ബയോമെഡിക്കൽ സാങ്കേതികവിദ്യകളുടെ രംഗത്ത് പ്രവർത്തിക്കുന്ന എ ഐ മെഡ് , ഇൻഡസ് ‌ഐപി എന്നീ പുതിയ സംരംഭങ്ങളെ നയിക്കുന്നു. പാലക്കാട് എൻ.എസ്.എസ് എഞ്ചിനീയറിംഗ് കോളേജിലും ഐ.ഐ.ടി കാന്പുരിലും വിദ്യാഭ്യാസം നേടിയ പ്രകാശ് ബാരെ, സാങ്കേതികവിദ്യ, കല, സാമൂഹിക ഉത്തരവാദിത്തം എന്നിവ സംയോജിപ്പിച്ച ഒരു ജീവിതദിശ പിന്തുടരുന്നത്.