Divakran P
ബംഗളൂരുവിലെ മലയാളി സമൂഹത്തിന് സുപരിചിതമായ വ്യക്തിത്വമാണ് ശ്രീ. പി. ദിവാകരൻ. ദൂരവാണിനഗർ കേന്ദ്രീകരിച്ച് സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ അഞ്ചര പതിറ്റാണ്ടിലേറെയായി അദ്ദേഹം നിർവഹിച്ച സേവനങ്ങൾ ശ്രദ്ധേയമാണ്. കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത മേമുണ്ടയിലെ പുറന്തോടത്ത് കുടുംബത്തിൽ ജനിച്ച അദ്ദേഹം മേമുണ്ട ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തൊഴിൽ തേടി ബംഗളൂരുവിലെത്തി. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ITI)-ൽ ജോലിയിൽ പ്രവേശിച്ചതോടെയാണ് അദ്ദേഹത്തിന്റെ പ്രവാസജീവിതത്തിന് തുടക്കമായത്. ദൂരവാണിനഗർ കേരളസമാജത്തിലൂടെയാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിന് അടിത്തറ പാകപ്പെട്ടത്. സമാജത്തിന്റെ പ്രസിഡണ്ട് ഉൾപ്പെടെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ച് സംഘടനയുടെ വളർച്ചയ്ക്കും സാമൂഹിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. തുടർന്ന് ഐ.ടി.ഐ. ഫൈൻ ആർട്സ് സൊസൈറ്റിയുടെ മലയാളം വിഭാഗം സെക്രട്ടറിയായും പ്രവർത്തിച്ചു. കലാരംഗയുടെ പ്രസിഡന്റായും കർണാടക സർക്കാരിന്റെ 'ആശ്രയ' പദ്ധതിയുടെ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു. സാമൂഹിക-സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾക്ക് അംഗീകാരമായി കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി കലാശ്രീ പുരസ്കാരം ലഭിച്ചു. കൂടാതെ കർണാടക സർക്കാർ അദ്ദേഹത്തെ കർണാടക ലാൻഡ് ട്രിബ്യൂണലിലെ അംഗമായി നാമനിർദേശം ചെയ്യുകയും ചെയ്തു. അയ്യപ്പസ്വാമിയുടെ അഗാധഭക്തനായ അദ്ദേഹം എഴുപതിലധികം തവണ ശബരിമല ദർശനം നടത്തിയിട്ടുണ്ട്. ഈ തീർഥയാത്രകളിൽ നിരവധി ഭക്തരെ ഏകോപിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബംഗളൂർ കേരളസമാജത്തിനും കെ.എൻ.ഇ. ട്രസ്റ്റിനും അദ്ദേഹം നൽകിയ സംഭാവനകൾ സംഘടനകളുടെ വളർച്ചയിൽ സുപ്രധാനമാണ്.