ആദരാജ്ഞലികൾ
Gangadharan KK
മലയാള സാഹിത്യത്തിനും വിവർത്തനരംഗത്തിനും തന്റെ എഴുത്തിന്റെ മാധുര്യവും ചിന്തയുടെ ഗാംഭീര്യവും കൊണ്ട് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ (കെ.കെ. ഗംഗാധരൻ) കെ.കെ.ജി.യുടെ വേർപാട് സുരഭിലം ഗ്ലോബലിനും ബാംഗ്ലൂരിലെ സാഹിത്യലോകത്തിനും തീരാനഷ്ടമാണ്. ലാളിത്യവും സ്നേഹവും നർമ്മബോധവും ഒത്തുചേർന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം എല്ലാവരുടെയും ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനമാണ് നേടിയത്. സാഹിത്യസംഗമങ്ങളിലെ അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഒരു ആഘോഷമായിരുന്നു. ചിരിയും ചിന്തയും ഒരുപോലെ സമ്മാനിച്ച അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ഇന്നും സുഹൃത്തുക്കളുടെ മനസ്സിൽ മായാതെ നിലനിൽക്കുന്നു.
അസുഖബാധിതനായിരുന്ന അവസാന നാളുകളിലും വായനയോടും സാഹിത്യത്തോടുമുള്ള അദ്ദേഹത്തിന്റെ ആവേശത്തിനും ജീവിതസ്നേഹത്തിനും ഒരു കുറവും ഉണ്ടായിരുന്നില്ല. മികച്ച എഴുത്തുകാരൻ, വിവർത്തകൻ, പ്രഭാഷകൻ, സൗഹൃദങ്ങളുടെ കാവൽക്കാരൻ എന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ രചനകളും വിവർത്തനങ്ങളും മനുഷ്യസ്നേഹം നിറഞ്ഞ ഓർമ്മകളും തലമുറകൾക്ക് പ്രചോദനമായിരിക്കും. സുരഭിലം ഗ്ലോബൽ കുടുംബത്തിന്റെ പേരിൽ പ്രിയപ്പെട്ട കെ.കെ.ജിക്ക് ആദരാഞ്ജലികൾ.