REJIKUMAR

Rejikumar

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ വെണ്മണി ഗ്രാമത്തിൽ ജനിച്ചു. സ്കൂൾ അധ്യാപികയായ മാതാവിനോടൊപ്പം കോഴിക്കോട് പിലാശ്ശേരി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. മുക്കത്തെ MAMO (മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ഓർഫനേജ്) കോളേജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കിയ ശേഷം, ഹരിപ്പാട് നങ്ങിയാർകുളങ്ങര ടി. കെ. മാധവ മെമ്മോറിയൽ കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടി. തുടർന്ന് ബിസിനസ് മാനേജ്മെന്റിൽ (MBA) ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വിദ്യാർത്ഥി കാലം മുതൽ പൊതുപ്രവർത്തനത്തിൽ സജീവമായ അദ്ദേഹം കേരള സ്റ്റുഡന്റ്സ് യൂണിയൻ (KSU) വഴി രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നു. MAMO കോളേജ് യൂണിയൻ ചെയർമാൻ, ടി. കെ. എം. എം. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ചെയർമാൻ, KSU ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് ചെറുപ്പത്തിൽ തന്നെ മികച്ച നേതൃത്വപാടവം തെളിയിച്ചു.

1996-ൽ ബെംഗളൂരുവിലെത്തിയ അദ്ദേഹം മൈക്രോലാൻഡ്, വിപ്രോ ഇൻഫോടെക് എന്നീ പ്രമുഖ ഐ.ടി. സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷം സൺ മൈക്രോസിസ്റ്റംസ് കമ്പനിയിൽ നാഷണൽ സപ്ലൈ ചെയിൻ മാനേജരായി പ്രവർത്തിച്ചു. നിലവിൽ സപ്ലൈ ചെയിൻ കൺസൾട്ടന്റായി പ്രവർത്തിച്ചുവരുന്നു. ബെംഗളൂരു കേരളസമാജത്തിന്റെ യൂത്ത് വിങ് ചെയർമാനായാണ് സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് കേരളസമാജം ജനറൽ സെക്രട്ടറി, കേരളസമാജം ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസമിതിയിലെ വിവിധ ചുമതലകൾ, ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് (FAIMA) ദേശീയ വൈസ് പ്രസിഡന്റ്, കർണാടക സംസ്ഥാന പ്രസിഡന്റ്, വിജിനപുര ലയൺസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു. നിലവിൽ ലോക കേരള സഭാംഗം എന്ന നിലയിലും പ്രവർത്തിക്കുന്നു. ബെംഗളൂരുവിലെ കമ്മനഹള്ളിയിലെ ജലവായു വിഹാറിൽ കുടുംബസമേതം താമസിക്കുന്നു.