Rema Prasanna Pisharadi
പ്രശസ്ത കഥകളി കലാകാരൻ മാങ്ങാനം രാമപ്പിഷാരടിയുടെയും അധ്യാപികയായ കമല പിഷാരസ്യാരുടെയും മകളായി കോട്ടയത്ത് ജനിച്ച രമാ പ്രസന്ന പിഷാരടി, സോഷ്യോളജിയിൽ ബിരുദാനന്തരബിരുദവും ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ പി.ജി. ഡിപ്ലോമയും നേടിയിട്ടുണ്ട്. ബി.പി.എൽ. കോർപ്പറേറ്റ് ഡിവിഷനിൽ പത്ത് വർഷം സേവനമനുഷ്ഠിച്ചു. ബാല്യത്തിൽ കവിതാരചനയിലൂടെ സാഹിത്യലോകത്തേക്ക് കടന്നുവന്ന അവർ പ്രവാസജീവിതത്തിനുശേഷം വീണ്ടും സജീവ എഴുത്തിലേക്ക് മടങ്ങി. നക്ഷത്രങ്ങളുടെ കവിത, അർദ്ധനാരീശ്വരം, സൂര്യകാന്തം, കുചേലഹൃദയം ഉൾപ്പെടെ പതിമൂന്ന് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാകവി ഓ.എൻ.വി., സുഗതകുമാരി, അക്കിത്തം, സച്ചിദാനന്ദൻ എന്നിവരുടെ അനുഗ്രഹവും അവതാരികകളും കൃതികൾക്ക് ലഭിച്ചിട്ടുണ്ട്. നിരവധി ദേശീയ-സംസ്ഥാന സാഹിത്യപുരസ്കാരങ്ങൾ നേടിയ അവർ വെയിൽമഴക്കഥകൾ എന്ന കഥാസമാഹാരവും അമ്മുവിന്റെ ഭൂമി എന്ന ബാലസാഹിത്യ നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നതിനൊപ്പം ദേശീയ വനിതാസംഘടനയായ ക്രിയേറ്റീവ് വിമന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു.