Ranjana Nayar
1951 മാർച്ച് 8-ന് കണ്ണൂരിൽ ജനിച്ചു. ചൊവ്വ ഹൈസ്കൂളിലെയും തലശ്ശേരി ബ്രണ്ണൻ കോളേജിലെയും പഠനകാലത്ത് ചിത്രകലയോടും കലാരംഗത്തോടും വലിയ താൽപര്യം പ്രകടിപ്പിച്ചു. ചിത്രകലയിൽ നിരവധി അംഗീകാരങ്ങൾ നേടിയ അദ്ദേഹം 1971-ൽ കലാപഠന സ്വപ്നങ്ങളുമായി മുംബൈയിലെത്തി. പിന്നീട് നാടകരംഗമാണ് അദ്ദേഹത്തിന്റെ ജീവിതധാരയായത്. മുംബൈയിലെ വിവിധ നാടകസംഘടനകളിലൂടെ 120-ലധികം നാടകങ്ങളിൽ അഭിനയിക്കുകയും ഇരുപതിലധികം നാടകങ്ങൾ രചിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. അഭിനയം മാത്രമല്ല, മേക്കപ്പ്, ഗാനരചന, സെറ്റ് ഡിസൈൻ തുടങ്ങി നാടകത്തിന്റെ വിവിധ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു. സാഹിത്യരംഗത്തും സജീവമായ രാമു കണ്ണൂർ കഥ, കവിത, ലേഖനം എന്നിവയിലൂടെ ശ്രദ്ധേയനാണ്. കലാ- സാഹിത്യരംഗത്തെ സംഭാവനകൾക്ക് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.