NEETHU

Neethu Kuttimakkal

കെ. എസ്. നീതുമോൾ കോട്ടയം സ്വദേശിനിയാണ്. ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച അവർ ബാല്യകാലം മുതൽ സാഹിത്യത്തോടും സംഗീതത്തോടും ശക്തമായ ആഭിമുഖ്യം പുലർത്തി. അമ്മയുടെയും അധ്യാപകരുടെയും പ്രചോദനമാണ് കവിത, ശ്ലോകം, സംസ്കൃത സാഹിത്യ പഠനത്തിലേക്ക് അവരെ നയിച്ചത്. സ്കൂൾ-കോളജ് കാലങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവം, സംസ്കൃത കലോത്സവം, സർവകലാശാല യുവജനോത്സവം എന്നിവയിൽ കാവ്യകേളി, പ്രശ്നോത്തരി, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി അഞ്ചുവർഷം സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയയായി. പാലക്കാട് ഗവൺമെന്റ് എൻജിനീയറിംഗ് കോളജിൽ പഠനം പൂർത്തിയാക്കിയ ശേഷം മൈക്രോസോഫ്റ്റിൽ എൻജിനീയറായും പ്രോജക്ട് ഗൈഡായും പ്രവർത്തിച്ചു. ടെക്‌നോളജി രംഗത്തെ കരിയറിനൊപ്പം കവിത, ശ്ലോകം, ഭജന, ആൽബം ഗാനരചന എന്നിവ തുടർന്നുകൊണ്ടിരിക്കുന്നു. ഇന്ദീവരം കല്ചറൽ ട്രസ്റ്റിന്റെ ടൈറ്റിൽ സോംഗ്, വിവിധ ആൽബങ്ങൾക്ക് ഗാനങ്ങൾ എന്നിവയും എഴുതിയിട്ടുണ്ട്. ബാംഗ്ലൂരിൽ താമസിക്കുന്ന അവർ മലയാളം മിഷനുമായി ചേർന്ന് കുട്ടികൾക്ക് മലയാളവും കവിതയും മറ്റും പഠിപ്പിക്കുന്ന സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ്.