Anandavalli Chandran
മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള മംഗലം ഗ്രാമത്തിൽ ജനിച്ച സാഹിത്യകാരിയാണ്. പരേതരായ കല്യാണിക്കുട്ടിയമ്മയും ഗോവിന്ദൻകുട്ടി നായരുമാണ് മാതാപിതാക്കൾ. മലയാളത്തിലും ഇംഗ്ലീഷിലും കവിതകൾ, കഥകൾ, ലേഖനങ്ങൾ എന്നിവ രചിക്കുന്ന അവർ “മിഴിയീർപ്പം”, “ഒരിഴ”, “നിണപ്പാടുകൾ” എന്നീ കവിതാസമാഹാരങ്ങളും “കളിക്കോപ്പുകൾ”, “കറുത്തിരുണ്ട മേഘങ്ങളുടെ രോദനം” എന്നീ കഥാസമാഹാരങ്ങളും “ബാലകഥകളും കുറുങ്കഥകളും” എന്ന ബാലസാഹിത്യ കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇംഗ്ലീഷിൽ പുറത്തിറങ്ങിയ “Deafening Silence”, “Undying Love” എന്നീ കവിതാസമാഹാരങ്ങൾ ശ്രദ്ധേയങ്ങളായി നിരവധി പുരസ്കാരങ്ങൾ നേടി. വിവിധ കൂട്ടായ്മ കൃതികളിലും അവർ സജീവ സാന്നിധ്യമാണ്. 2024-ൽ എസ്. കെ. പൊറ്റെക്കാട്ട് സ്മാരക സമിതിയുടെ കഥാരചനാ മത്സരത്തിൽ ഒന്നാം സമ്മാനവും Femihive സംഘടിപ്പിച്ച ഇംഗ്ലീഷ് ഹൊറർ സ്റ്റോറി മത്സരത്തിൽ വിജയവും നേടി. “സ്റ്റേജ് ഷോ” എന്ന പുതിയ കഥാസമാഹാരം പ്രസിദ്ധീകരണത്തിനൊരുങ്ങുകയാണ്. കഴിഞ്ഞ 54 വർഷമായി മുംബൈയിലാണ്; ഇപ്പോൾ നവി മുംബൈയിൽ സ്ഥിരതാമസം.